വഴിയില്‍ കാത്തു നിന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡയറി മില്‍ക്ക് വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു.
കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. വഴിയില്‍ രാഷ്ട്രപതിയെ കാത്ത് നിരവധി കുട്ടികള്‍ നിന്നിരുന്നു. അവിടെ താന്‍ സഞ്ചാരിച്ച കാര്‍ നിര്‍ത്തി രാഷ്ട്രപതി തന്നെയാണ് എല്ലാവര്‍ക്കും ഡയറി മില്‍ക്ക് വിതരണം ചെയ്തത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കരുനാഗപ്പള്ളി ശ്രായിക്കാട് എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മാതാ അമൃതാനന്ദമയി മഠത്തിലേയ്ക്ക് പോകുന്ന വഴിയില്‍ രാഷ്ട്രപതി ചോക്ലേറ്റ് വിതരണം ചെയ്തത്.നിരവധി കാറുകള്‍ കടന്ന് പോകുമ്ബോള്‍ കുട്ടികള്‍ റോഡിലേയ്ക്ക് കെെവീശുന്നത് വീഡിയോയില്‍ കാണാം. പെട്ടെന്ന് കാര്‍ നിര്‍ത്തി രാഷ്ട്രപതി ഇറങ്ങുമ്ബോള്‍ പിറകില്‍ വന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും ഞെട്ടിപ്പോകുന്നു.എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവത്ത അവര്‍ മുര്‍മുവിന്റെ അടുത്ത് ഓടി എത്തുന്നതും വീഡിയോയില്‍ ഉണ്ട്. കൂട്ടത്തിലെ ചില ഉദ്യോഗസ്ഥര്‍ ബാഗില്‍ നിന്ന് ചോക്ലേറ്റുകള്‍ എടുത്ത് രാഷ്ട്രപതിയ്ക്ക് നല്‍കുന്നതും അത് വാങ്ങി രാഷ്ട്രപതി കുട്ടികള്‍ക്കും അവിടെ നിന്ന മറ്റുള്ളവര്‍ക്കും വിതരണം ചെയ്യുന്നു.
രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് രാവിലെ 9.35 നാണ് അമൃതാനന്ദമായി മഠത്തിലെത്തിയത്. തുടര്‍ന്ന് മാതാ അമൃതാനന്ദമയിയുമായി മുര്‍മു കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രാഷ്ട്രപതിയ്‌ക്കൊപ്പമെത്തിയിരുന്നു.ഇന്ന് രാത്രി 7.30ന് ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്നില്‍ രാഷ്ട്രപതി പങ്കെടുക്കും.18ന് രാവിലെ തമിഴ്നാട്ടിലേയ്ക്ക് തിരിക്കും. 8.25ന് കന്യാകുമാരി വിവേകാനന്ദ സ്മാരകവും തിരുവള്ളുവര്‍ പ്രതിമയും സന്ദര്‍ശിക്കും. ശേഷം മടങ്ങിയെത്തി 1.30ന് ലക്ഷദ്വീപിലേക്ക് പോകും.