ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എം പിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനമിറക്കിയത്.
2019ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയോഗ്യനാക്കിയത്.
ഇതോടെ ആറ് വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് വിലക്കുണ്ടാകും. അപ്പീല്‍ നല്‍കാനായി ശിക്ഷ 30 ദിവസത്തേയ്ക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതിയുടെ ഇടപെടല്‍ ഉണ്ടാകുന്നതിന് മുമ്ബാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയുണ്ടാകുന്നത്. ഭരണഘടനയുടെ 101(1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ സിംഗാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
അപകീര്‍ത്തിക്കേസ് ഇങ്ങനെ
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ 2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറിലാണ് രാഹുലിന്റെ വിവാദ പരാമര്‍ശം. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് ഗുജറാത്തിലെ ബി.ജെ.പി. എം.എല്‍.എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് സൂറത്ത് കോടതിയില്‍ കേസ് കൊടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വജ്രവ്യാപാരി നീരവ് മോദിയെയും ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയെയും വിമര്‍ശിച്ചിരുന്നു. എല്ലാ കളളന്മാരുടെയും പേരിനൊപ്പം മോദി എന്നുണ്ടല്ലോ എന്നതായിരുന്നു വിവാദപരാമര്‍ശം.