ന്യൂഡല്‍ഹി: ഒടുവില്‍ താടിയും മുടിയും വെട്ടിയൊതുക്കി പുതിയ ലുക്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഒരാഴ്ചത്തെ യുകെ സന്ദര്‍ശനത്തിനിടെ കേംബ്രിജ് യൂണിവേഴ്‌സിറ്റിയില്‍ പുതിയ ലുക്കിലെത്തിയ രാഹുലിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി.
2022 സെപ്‌റ്റംബര്‍ ഏഴിനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. 4,080 കിലോമീറ്റര്‍ പിന്നിട്ട് കശ്‌മീരിലാണ് യാത്ര അവസാനിച്ചത്. യാത്രക്കിടെ രാഹുലിന്റെ താടിയും മുടിയും വളര്‍ന്നു. ഏതാണ്ട് ആറ് മാസത്തിന് ശേഷമാണ് അദ്ദേഹം താടിയും മുടിയും വെട്ടിയൊതുക്കിയത്. യാത്രയ്‌ക്ക് മുന്‍പ് ക്ലീന്‍ ഷേവ് ലുക്കായിരുന്നു അദ്ദേഹം.
ഭാരത് ജോഡോ യാത്രയില്‍ രാഹുലിന്റെ ട്രേഡ് മാര്‍ക്കായിരുന്ന വെള്ള ടീഷര്‍ട്ടിന് പകരം കോട്ടും സ്യൂട്ടുമാണ് രാഹുല്‍ ധരിച്ചിരുന്നത്. ഇക്കഴിഞ്ഞ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലും രാഹുല്‍ നീട്ടിവളര്‍ത്തിയ താടിയുടെ മുടിയുമായാണ് വന്നത്. ഭാരത് ജോഡോ യാത്ര അവസാനിച്ചതിന് ശേഷവും രാഹുല്‍ താടിയും മുടിയും വെട്ടാത്തതില്‍ നിരവധി രസകരമായ കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.