കല്‍പ്പറ്റ; വയനാട് മുട്ടില്‍ വാര്യാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
അപകടത്തില്‍ മരിച്ച ഷെരീഫിന്റെ ഓട്ടോയില്‍ രാഹുല്‍ യാത്ര ചെയ്തിട്ടുണ്ട്. ഷെരീഫുമായുള്ള ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ് വയനാട് എംപിയായ രാഹുല്‍ ഗാന്ധി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അനുശോചനം കുറിച്ചത്.കേരളത്തിലെ വയനാട്ടില്‍ നിന്നുള്ള ദാരുണമായ റോഡപകടത്തിന്റെ വാര്‍ത്തയില്‍ അഗാധമായ അസ്വസ്ഥതയുണ്ടാക്കി. അപകടത്തില്‍ മരിച്ച ഷെരീഫ് വി.വി, അമ്മിണി എന്നിവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ. 2021 ഏപ്രിലില്‍ എന്റെ വയനാട് സന്ദര്‍ശന വേളയില്‍ ഷെരീഫ്ജിയുമായി സംവദിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ വിനയവും വിവേകവും തൊഴിലാളിവര്‍ഗത്തിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച് എനിക്ക് അടുത്തറിയാന്‍ കാരണമായി. അദ്ദേഹത്തിന്റെ തളരാത്ത ആത്മാവ് എനിക്ക് എന്നും പ്രചോദനമായിരിക്കും.- രാഹുല്‍ ഗാന്ധി കുറിച്ചു.
ഇന്നലെ രാവിലെയാണ് മുട്ടില്‍ വാര്യാട് കെഎസ്‌ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇടവഴിയില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുകയായിരുന്ന കാറില്‍ തട്ടി നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ എതിരെ വന്ന കെഎസ്‌ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. മുട്ടിലിലെ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ വി.വി.ഷെരീഫ്, ഓട്ടോ യാത്രക്കാരി എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്. സഹയാത്രികയും ഇതേ കോളനിവാസിയുമായ ശാരദയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.