നിവാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ ശക്തമായ മഴ.

നിവാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ ശക്തമായ മഴ. ചെന്നൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്തമഴയില്‍ വെള്ളക്കെട്ട് രൂക്ഷമായി. റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗത തടസ്സം അനുഭവപ്പെട്ടു. അതിനിടെ ചെന്നൈ നഗരത്തിന് സമീപമുള്ള ചെമ്ബരപ്പാക്കം തടാകം അതിവേഗം നിറയുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഒരടി കൂടി വര്‍ധിച്ചാല്‍ തടാകത്തിന്റെ ഷട്ടര്‍ തുറക്കും. 2015ല്‍ ചെന്നൈയെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കത്തിന് ഒരു കാരണം തടാകത്തിലെ ഷട്ടര്‍ തുറന്നതാണ്. നിലവില്‍ നിവാര്‍ ചുഴലിക്കാറ്റ് ചെന്നൈയില്‍ നിന്ന് 370 കിലോമീറ്റര്‍ അകലെയാണ്. ഇതിന്റെ സ്വാധീനഫലമായി കടല്‍ പ്രക്ഷുബ്ധമാണ്.

തീരത്ത് കടലാക്രമണം രൂക്ഷമാണ്. ഇന്ന് രാത്രിയോടെ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ചുഴലിക്കാറ്റ് കടന്നുപോകുന്ന സമയത്ത് വേഗത 145 കിലോമീറ്റര്‍ വരെ ആകാമെന്നാണ് ചെന്നൈ ഏരിയ സൈക്ലോണ്‍ വാര്‍ണിംഗ് സെന്റര്‍ ഡയറക്ടര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിനാല്‍ കനത്ത ജാഗ്രതയിലാണ് തമിഴനാട്.

ചെന്നൈ നഗരത്തിലെ കനത്തമഴയില്‍ ചെമ്ബരപ്പാക്കം തടാകം അതിവേഗമാണ് നിറയുന്നത്. 24 അടിയാണ് തടാകത്തിന്റെ ശേഷി. നിലവില്‍ 22 അടിയായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 12 മണിയോടെ 1000 ക്യൂസെക്‌സ് വെള്ളം ഷട്ടര്‍ തുറന്ന് ഒഴുക്കി കളയുമെന്നാണ് അധികൃതര്‍ പറയുന്നത്. 2015ല്‍ തടാകത്തിന്റെ ഷട്ടര്‍ തുറന്നതാണ് ചെന്നൈ നഗരത്തെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കത്തിന് ഒരു പ്രധാന കാരണം. അതിനാല്‍ നഗരത്തിലുള്ളവര്‍ ഏറെ ഭീതിയിലാണ്. ചുഴലിക്കാറ്റിനെ നേരിടാന്‍ ആന്ധ്രാ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയിലെ 1200 ജീവനക്കാരെ വിന്യസിക്കും.

കരതൊടുന്ന സമയം കാറ്റിന്റെ വേഗത മണിക്കൂറില്‍ 145 കിമീ വരെ ആകാമെന്നാണ് കണക്കാക്കുന്നത്. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്. വൈകീട്ട് ആറിനും എട്ടിനും ഇടയിലാവും കരതൊടുക. അതിനിടെ കാരയ്ക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കാണാതായി. ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി ട്രെയ്ന്‍-വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. പുതുച്ചേരിയില്‍ വ്യാഴാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

നേവി, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ എന്നിവരെ ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. തീരദേശ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ജനം കര്‍ശനമായി പാലിക്കണം എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.24 ട്രെയ്‌നുകളാണ് നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കിയത്. ചെന്നൈ തുറമുഖം അടച്ചിട്ടിരിക്കുകയാണ്. 2016ല്‍ വരദയും, 2018ല്‍ ഗജയേയും നേരിട്ട തമിഴ്‌നാടിന് ഇത്തവണ കോവിഡ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ദുരിതാശ്വാസ ക്യാമ്ബുകളുടെ എണ്ണം 8,813 ആക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക