സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമായത്. വടക്കന്‍ കേരളത്തില്‍ ഒക്ടോബര്‍ 15 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

വാളയാര്‍ ഡാമിലെ ജലനിരപ്പ് തിങ്കളാഴ്ച (ഒക്ടോബര്‍ 12) വൈകിട്ട് ആറിന് 202.48 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ രാത്രിയും മഴ തുടര്‍ന്നാല്‍ നീരൊഴുക്ക് കൂടാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ 11 ന് തുറക്കേണ്ടിവരുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ പാലിക്കണം.ഡാമിന്റെ പരമാവധി ജലസംഭരണശേഷി 203 മീറ്ററാണ്.

അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ നിലവില്‍ 5 സെന്റീമിറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 8.30ന് അത് 30 സെന്റീമിറ്റര്‍ കൂടി (മൊത്തം 35 സെന്റീമിറ്റര്‍) ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയര്‍ന്ന് 2390.66 അടിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നതിനാല്‍ നേരിയ ആശങ്കയിലാണ് പെരിയാറിന്‍റെ തീരത്തുള്ളവര്‍. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ടെന്നാണ് കെഎസ്‌ഇബി പറയുന്നത്. വൈദ്യുതി ഉല്‍പാദനം കൂട്ടി ജലനിരപ്പ് ക്രമീകരിക്കുകയാണ് കെഎസ്‌ഇബിയുടെ ലക്ഷ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 126 അടി കഴിഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക