പ്രിയപ്പെട്ട ഭർത്താവിനായി ഭാര്യ പണിത താജ്മഹൽ … ചുവന്ന താജ്മഹൽ (The Red Tajmahal/Lal Tajmahal)

വളരെ അപൂർവ്വമായിരിക്കും ഭാര്യ ഭർത്താവിന് വേണ്ടി സ്മാരകം പണിയുന്നത്.
പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി ഷാജഹാൻ താജ് മഹൽ പണിത അതേ ആഗ്രയിൽ ഭാര്യ ഭർത്താവിനായി പണിത റെഡ് താജ് എന്ന് വിളിക്കുന്ന മറ്റൊരു താജ് മഹൽ ഉണ്ട്.

 

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മറാത്ത സാമ്രാജ്യത്തിന്റെ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു കേണൽ ജോൺ വില്യം ഹെസിംഗ് (5 നവംബർ 1739 – ജൂലൈ 21, 1803). അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഭാര്യ ആൻ ഹെസിംഗ് ആണ് ഈ ശവകുടീരം പണിതത്.ആഗ്രയിലെ റോമൻ ക്രിസ്ത്യൻ സെമിത്തേരിയിലെ പാദ്രെറ്റോള അഥവാ പാദ്രെസാന്റോയിലാണ് ഹെസിംഗിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

 

1739 ൽ നെതർലാൻഡിലെ ഉത്രെച്റ്റിൽ ജനിച്ച അദ്ദേഹം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സേവനത്തിൽ പ്രവേശിച്ചു.1763 ന് ശേഷം ഹെസ്സിംഗ് ഇന്ത്യയിലെത്തി ഒരു പ്രാദേശിക ഭരണാധികാരിയുടെ കീഴിൽ ജോലി ഏറ്റെടുത്തു. ആദ്യം ഹൈദരാബാദിലെ നിസാമിന്റെ സൈന്യത്തിൽ നിയോഗിക്കപ്പെട്ട അദ്ദേഹം പിന്നീട് മറാത്ത ജനറൽ മഹാദ്ജി സിന്ധ്യയുടെ കീഴിൽ സേവനം ഏറ്റെടുത്തു. മഹാദ്‌ജിയുടെ മരണശേഷം ഹെസ്സിംഗ് അദ്ദേഹത്തിന്റെ പിൻഗാമിയായ ദൗ ലത്രാവു സിന്ധ്യയ്ക്ക് വേണ്ടി പ്രവർത്തിക്കുകയും 1799 ൽ ആഗ്ര കോട്ടയുടെ കമാൻഡറായി നിയമിക്കപ്പെടുകയും ചെയ്തു. രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ഹെസ്സിംഗ് സൈന്യവുമായി യുദ്ധം ചെയ്തു. നിർഭാഗ്യവശാൽ, 1803 ൽ ബ്രിട്ടീഷ് സൈന്യം കോട്ടയെ ആക്രമിച്ചു, കമാൻഡർ ജോൺ ഹെസിംഗ് തന്റെ കോട്ടയെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ യുദ്ധക്കളത്തിൽ കൊല്ലപ്പെട്ടു. 1803 ജൂലൈ 21 ന് ആഗ്രയിൽ വച്ച് അന്തരിച്ചു.

 

 

മുഗൾ വാസതുവിദ്യയിൽ ചുവന്ന കല്ലിൽ പണിതിരിക്കുന്ന ഈ ശവകുടീരം പ്രസിദ്ധമായ താജ്മഹലിന്റെ ഒരു ചെറിയ പതിപ്പാണ്.11-1 / 4 അടി ഉയരവും 58 അടി വശവുമുള്ള ഒരു ചതുര പ്ലാറ്റ്ഫോമിൽ നിൽക്കുന്നു. മുകളിൽ താഴിക കുടവും ചുറ്റുമുള്ള താഴികക്കുടത്തിന്റെ ആകൃതിയിലുള്ള പവലിയനുകൾ. സെൻട്രൽ ഹാളിനുള്ളിൽ ജോൺ ഹെസിംഗിന്റെ ശവകുടീരവും അദ്ദേഹത്തിന്റെ ശവകുടീരത്തിൽ കൊത്തിവച്ചിരിക്കുന്ന കുറച്ച് ഇംഗ്ലീഷ് ലിഖിതങ്ങളും കാണാം. പടിഞ്ഞാറ് ഭാഗത്ത് ഇരട്ട ഗോവണിപ്പടികളും ഘടിപ്പിച്ചിരിക്കുന്നു. പക്ഷേ താജ് മഹലിനെ ഫ്രെയിം ചെയ്യുന്ന നാല് മനോഹരമായ മിനാരങ്ങൾ സാമ്പത്തിക കുറവിനാൽ ഹെസിംഗിന്റെ ഭാര്യക്ക് വേണ്ടന്ന് വയ്ക്കേണ്ടി വന്നു.

ഇന്ന്, റെഡ് താജ് ആഗ്രയിലെ മറന്നുപോയ ഒരു ശവകുടീരമോ ശ്മശാനമോ അല്ല, മറിച്ച് യൂറോപ്യൻ സാഹസികരും കൂലിപ്പടയാളികളും രാജ്യം സന്ദർശിക്കുകയും പ്രാദേശിക ഇന്ത്യൻ സൈനികരിൽ തങ്ങൾക്ക് ഒരു പേര് നേടുകയും ചെയ്ത ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഇത്.

 

തയാറാക്കിയത് : ശ്രീകാന്ത്. ഡി. പിള്ള

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക