Wednesday, March 22, 2023

റോബോട്ട് ആനകളുടെ പൂരത്തില്‍ പങ്കെടുത്താല്‍ വിലക്ക്; വാദ്യകലാകാരന്മാര്‍ക്ക് മുന്നറിയിപ്പുമായി ആനപ്രേമി സംഘം

കല്ലേറ്റുംകര ക്ഷേത്രോത്സവ എഴുന്നള്ളിപ്പില്‍ റോബോട്ട് ആന ഇരിഞ്ഞാടപ്പിള്ളി രാമന്‍ തിടമ്ബേറ്റിയത് കഴിഞ്ഞ ദിവസമാണ്.

മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി നിന്ന രാമന്‍ ഉത്സവത്തിനെത്തിയവര്‍ക്ക് കൗതുകവും ആശ്ചര്യവുമായി. എന്നാല്‍ റോബോട്ട് ആനയെ പൂരങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ ആന പ്രേമികള്‍ രംഗത്തെത്തി. വാദ്യകലാകാരന്മാര്‍ക്ക് മുന്നറിയിപ്പുമായി എത്തിയത് മനക്കൊടി ആനപ്രേമി സംഘമാണ്. റോബോട്ട് ആനകളുടെ പൂരത്തില്‍ പങ്കെടുത്താല്‍ സാധാരണ പൂരങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കുമെന്നാണ് ആന പ്രേമി സംഘത്തിന്റെ മുന്നറിയിപ്പ്

.”ആരെയും വിലക്കിയിട്ടില്ല, റോബോട്ട് പൂരങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയായാല്‍ അതിനെക്കുറിച്ച്‌ ചിന്തിക്കേണ്ടി വരും എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ… അമ്ബലവും ആചാരങ്ങളും ഒന്നുമല്ല ഇവിടെ ചിലര്‍ക്ക് വിഷയം.. അത് ആന എഴുന്നള്ളിപ്പ് ആണ്… കേരളത്തില്‍ ആനകള്‍ ഇല്ലാതാവണം… തൃശൂര്‍ പൂരവും നെമ്മാറയും ഉത്രാളിയും മറ്റു പൂരങ്ങളും ആനകള്‍ ഇല്ലാതെ അന്യംനിന്നുപോകണം… അതാണ് ആ മാഫിയയുടെ ഉദ്ദേശം… അതിന് പ്രേരകമാകുന്ന വിധത്തിലുള്ള നീക്കങ്ങള്‍ക്ക് വാദ്യകലാമേഖല പിന്തുണ നല്‍കിയാല്‍ അത് വിലക്കപ്പെടേണ്ടതാണ്… (അടുത്ത കാലത്ത് ഒരു ജ്വല്ലറി ഉടമ എല്ലുകൊണ്ട് ചെണ്ട കൊട്ടി, അതിന് അങ്ങേരെക്കൊണ്ട് മാപ്പ് പറയിക്കാന്‍ കാണിച്ച ഉഷാര്‍ ഒന്നും ഇക്കാര്യത്തില്‍ കലാകാരന്മാരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായില്ല എന്ന് പൊതുവെ ഒരു സംസാരം ഉണ്ട്). നാളെ ഏതെങ്കിലും ഒരു കമ്മിറ്റി, ഞങ്ങള്‍ക്ക് റോബോട്ട് ആനയും CD മേളവും മതീന്ന് തീരുമാനിച്ചാല്‍ പട്ടിണിയാവുന്നത് ആരാണെന്ന് കൂടി ഓര്‍ക്കുക…”- ആന പ്രേമി സംഘത്തിന്റെ വിലക്ക് അറിയിപ്പിന് താഴെ ഒരാളുടെ കമന്റ് ഇങ്ങനെ.

ഇരിഞ്ഞാടപ്പിള്ളി മനയുടെ കീഴിലുള്ള ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ‘പെറ്റ ഇന്ത്യ’ എന്ന സംഘടനയാണ് ആനയെ സമര്‍പ്പിച്ചത്. പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന മേളത്തില്‍ അമ്ബതോളം കലാകാരന്മാര്‍ അണിനിരന്നു. ഇരുമ്ബുകൊണ്ടുള്ള ചട്ടക്കൂടില്‍ റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. 800 കിലോ തൂക്കമുണ്ട്. അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ആനയുടെ ചലനങ്ങള്‍. ട്രോളിയിലാണ് സഞ്ചാരം. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച്‌ രണ്ടുമാസമെടുത്താണ് നിര്‍മിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img