കീവ്: യുക്രെയിനിലെ സമാധാനജീവിതം തകര്‍ത്ത് റഷ്യയുടെ അധിനിവേശം ആരംഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.
ലോകരാജ്യങ്ങള്‍ യുക്രെയിനിലെ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്നും ശത്രുത അവസാനിപ്പിക്കണമെന്നും റഷ്യയോട് ആവശ്യപ്പെടുന്ന പ്രമേയം യു.എന്‍ ജനറല്‍ അസംബ്ളിയില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞദിവസം പാസായത്. 193 രാജ്യങ്ങള്‍ അംഗങ്ങളായ അസംബ്ലിയില്‍ 141 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്. ഏഴുപേര്‍ മാത്രം എതിര്‍ത്തു. ഇന്ത്യയും ചൈനയുമടക്കം 32 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. യുക്രെയിനില്‍ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം വേണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. റഷ്യയ്‌ക്ക് എതിരായ എല്ലാ പ്രമേയങ്ങളിലും വോട്ടുചെയ്യുന്നതില്‍ നിന്നും ഇന്ത്യ അകന്നുനില്‍ക്കുന്നതാണ് ഇതുവരെ കാണുന്നത്.യുക്രെയിന് പിന്തുണ നല്‍കിയ അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ സന്ദര്‍ശിച്ചതോടെ റഷ്യയ്‌ക്ക് ഇതൊരു മുന്നറിയിപ്പായി. നിലവില്‍ സ്ഥിതി രൂക്ഷമാകുമോ എന്ന് വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് ലോകരാജ്യങ്ങള്‍.