ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയില്‍ അറിയിച്ചു.
എരുമേലിക്ക് സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം തുടങ്ങുന്നതിന് 2020 ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി), വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), പ്രതിരോധ മന്ത്രാലയം, ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എന്നിവരുമായി കൂടിയാലോചിച്ചാണ് കെഎസ്‌ഐഡിസി നിര്‍ദേശം പരിഗണിച്ചത്. എഎഐ, ഡിജിസിഎ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി സാങ്കേതിക, സാമ്ബത്തിക സാധ്യത പഠന റിപ്പോര്‍ട്ട് 2022 ജൂണില്‍ കെഎസ്‌ഐഡിസി സമര്‍പ്പിച്ചു. കെഎസ്‌ഐഡിസിക്ക് സൈറ്റ് അനുമതി നല്‍കാന്‍ പരിഗണിക്കുന്നതിനായി കഴിഞ്ഞ നവംബറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളെക്കുറിച്ചുള്ള സ്റ്റിയറിങ് കമ്മിറ്റിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭൂമിയുടെ ലഭ്യത(എല്ലാ ബാധ്യതകളില്‍ നിന്നും മുക്തമായത്), സ്വതന്ത്ര ഏജന്‍സിയുടെ ഇംപാക്‌ട് അസസ്‌മെന്റ് ഡാറ്റ പരിശോധന, ആഭ്യന്തര വരുമാന നിരക്ക് എന്നിവ കെഎസ്‌ഐഡിസിയില്‍ നിന്ന് ആവശ്യപ്പെട്ടു.
ഡിസംബറില്‍ കെഎസ്‌ഐഡിസിയില്‍ നിന്ന് ഇവ ലഭിച്ചു. ഡിജിസിഎയുടെയും എഎഐയുടെയും അഭിപ്രായവും കിട്ടി. തുടര്‍ന്ന്, നിര്‍ദിഷ്‌ട വിമാനത്താവളത്തില്‍ നിന്ന് 150 കിലോമീറ്ററിനുള്ളിലുള്ള എല്ലാ വിമാനത്താവളങ്ങളുടെയും ആഘാത വിലയിരുത്തല്‍ നടത്താനും മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്തി ഇംപാക്റ്റ് ഡാറ്റ പരിശോധിക്കാനും കെഎസ്‌ഐഡിസിയോട് വ്യോമയാന മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കെഎസ്‌ഐഡിസി പദ്ധതി പ്രദേശത്തു പരിസ്ഥിതി ആഘാത വിലയിരുത്തല്‍ പഠനം നടത്തുന്ന പ്രക്രിയയിലാണെന്നും മന്ത്രി ലോക്‌സഭയില്‍ ആന്റോ ആന്റണിക്ക് മറുപടി നല്‍കി