സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തേക്ക് വിതരണം ചെയ്യാനുള്ള കൈത്തറി സ്‌കൂള്‍ യൂണിഫോം തയ്യാര്‍.
യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 11മണിക്ക് ഏലൂര്‍ ജിഎച്ച്‌എസ് സ്കൂളില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം ചരിത്രത്തിലാദ്യമായി മധ്യവേനലവധിക്ക് മുന്‍പായി വിതരണം ചെയ്യുന്നത് അഭിമാനകരമായ നേട്ടമാണെന്ന് പി രാജീവ് പറഞ്ഞു. 120 കോടി രൂപയുടെ 50 ലക്ഷം മീറ്റര്‍ തുണിയാണ് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയില്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതോടെ, ജൂണ്‍ 1ന് സ്‌കൂള്‍ തുറക്കുമ്ബോള്‍ തന്നെ പുത്തന്‍ യൂണിഫോം ധരിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസിലെത്താം.
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ കൈത്തറി യൂണിഫോം നല്‍കുന്നത്. രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. ആകെ 10 ലക്ഷം കുട്ടികള്‍ക്കായി 42.5 ലക്ഷം മീറ്റര്‍ യൂണിഫോം തുണിയാണ് ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്യുക. 2023-24 അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ യൂണിഫോം പദ്ധതിയ്ക്കായി 140 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.