സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ചൂട് കഠിനമാകും.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ സൂര്യാതപ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.ഇടുക്കി, വയനാട് ഒഴികെ ജില്ലകളില്‍ ഭൂരിഭാഗം പ്രദേശത്തും താപനില 40 നും 45 നും ഇടയില്‍ എത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും ചൂടിന് ആശ്വാസം ലഭിക്കുക. ഈ ജില്ലകളില്‍ ചൂട് 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലായിരിക്കും ഇന്നത്തെ താപനില.അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും (ആര്‍ദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). അനുഭവഭേദ്യമാകുന്ന ചൂടിനെ (feels like temperature) സൂചിപ്പിക്കാന്‍ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു.

കേരളത്തില്‍ പൊതുവെ ചൂട് കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ (IMD) ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികള്‍ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആര്‍ദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഠനാവശ്യങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ താപസൂചിക ഭൂപടമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്.