ആലുവ ശിവരാത്രി:ആചാരപരമായ ചടങ്ങുകൾ അനുവദിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

ആലുവ ശിവരാത്രി ആഘോഷം സംബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം ഈ മാസം 27 ന് ആലുവയിൽ നടക്കും.

ഈ വർഷത്തെ ആലുവ ശിവരാത്രി ആഘോഷം കൊവിഡ് -19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകി.

ആഘോഷത്തിൻ്റെ ഭാഗമായി മുൻ വർഷങ്ങളിലെ പോലെ വ്യാപാര മേളകൾ ഇത്തവണ ഉണ്ടായിരിക്കുന്നതല്ല.

അതോടൊപ്പം ആലുവ ശിവക്ഷേത്ര പരിസരത്തും ആലുവ മണപ്പുറത്തും ഒരേ സമയം 200 – ൽ കൂടുതൽ ആളുകളെ തങ്ങുവാൻ അനുമതി നൽകുവാൻ കഴിയുകയില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു അറിയിച്ചു.

സർക്കാരിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും നിർദ്ദേശങ്ങൾക്ക് വിധേയമായി കൃത്യമായ കൊവിഡ്- 19 മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ബലിതർപ്പണ ചടങ്ങുകൾക്ക് അനുവാദം ഉണ്ടായിരിക്കുന്നതാണ്.

എന്നാൽ രാത്രി കാലങ്ങളിൽ മുൻ വർഷങ്ങളിലെ പോലെ ഭക്തജന തിരക്ക് ഉണ്ടാകുവാൻ പാടില്ലെന്നും പ്രസിഡൻ്റ് പറഞ്ഞു.

ആലുവ ശിവരാത്രി ആഘോഷം സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ആലോചനായോഗം ഈ മാസം 27 ന് രാവിലെ 11 മണിക്ക് ആലുവയിൽ ചേരുന്നതാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക