കാസര്‍കോട്: മക്കളെ സാക്ഷിയാക്കി ലോക വനിതാ ദിനത്തില്‍ നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശല നിയമവകുപ്പ് മേധാവിയായ ഷീനയും വീണ്ടും വിവാഹിതരായി.
ദാമ്ബത്യത്തിന്റെ 28-ാം വര്‍ഷമാണ് ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വീണ്ടും വിവാഹിതരാകാന്‍ തീരുമാനിച്ചത്. രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ കാര്യാലയത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹ രജിസ്റ്ററില്‍ സാക്ഷികളായി അഡ്വ സജീവനും സിപിഎം നേതാവായ വി വി രമേശും ഒപ്പുവെച്ചു.
മാതാപിതാക്കളുടെ രണ്ടാം വിവാഹത്തില്‍ പങ്കെടുക്കാന്‍ മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവരും എത്തിയിരുന്നു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഷുക്കൂര്‍ വക്കീല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് ഷുക്കൂര്‍. മുസ്‌ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ഇരുവരും പെണ്‍മക്കളുടെ അവകാശസംരക്ഷണത്തിനായാണ് സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വീണ്ടും വിവാഹിതരായത്.
മുസ്ലിം പിന്‍തുടര്‍ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെണ്‍മക്കളായതിനാല്‍ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഓഹരി മാത്രമാണ് മക്കള്‍ക്ക് കിട്ടുക. ഇയൊരു പ്രതിസന്ധി മറികടക്കാനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വീണ്ടും കല്യാണം കഴിക്കുന്നത്.