ന്യൂഡല്‍ഹി: വണ്‍ ടൈം പാസ് വേര്‍ഡ് ചോദിക്കാതെ, ഒരു മിസ്ഡ് കോള്‍ വഴി സെക്യൂരിറ്റി സര്‍വീസസ് സ്ഥാപനത്തിന്റെ ഡയറക്ടറുടെ 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
ചില കോളുകള്‍ വന്നതിന് പിന്നാലെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഡയറക്ടറുടെ 50ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഝാര്‍ഖണ്ഡിലെ ജംതാര മേഖല കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. സെക്യൂരിറ്റി സര്‍വീസസ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് രണ്ടു മണിക്കൂറിനിടെ നിരവധി മിസ്ഡ് കോളുകള്‍ വന്നു. ചില കോളുകള്‍ക്ക് പ്രതികരിച്ചു. ചിലത് ഒഴിവാക്കി. പിന്നാലെ ഫോണില്‍ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ഡെബിറ്റ് ചെയ്തതായി സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ആര്‍ടിജിഎസ് ഇടപാടിലൂടെയാണ് പണം നഷ്ടമായിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിം സ്വാപ്പ് വഴിയാകാം തട്ടിപ്പ് എന്നാണ് പൊലീസ് നിഗമനം. ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സംവിധാനം ദുരുപയോഗം ചെയ്തായിരിക്കാം ഒടിപി നമ്ബര്‍ ചോര്‍ത്തിയതെന്നാണ് കരുതുന്നത്. സമാന്തരമായ കോളിലൂടെയാകാം തട്ടിപ്പ് നടന്നതെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്ബര്‍ ദുരുപയോഗം ചെയ്ത് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് കരസ്ഥമാക്കി തട്ടിപ്പ് നടത്തുന്ന രീതിയാണ് സിം സ്വാപ്പ്.ഡ്യൂപ്ലിക്കേറ്റ് സിമ്മില്‍ വരുന്ന ഒടിപി ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ പണം തട്ടിയെടുക്കുന്നത്. ടെലിഫോണ്‍, മൊബൈല്‍ നെറ്റ് വര്‍ക്ക് ജീവനക്കാരന്‍ എന്ന വ്യാജേന ഉപഭോക്താവിനെ ബന്ധപ്പെട്ട് വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് തട്ടിപ്പ് നടത്തുന്നത്.
സിം കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരുമായി പങ്കുവെയ്ക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കാര്യത്തില്‍ ജാഗ്രത വേണം. ഫോണില്‍ കുറച്ചുനേരം അധികം നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ ഉടന്‍ തന്നെ ടെലികോം കമ്ബനിയെ വിളിച്ച് പരാതിപ്പെടണമെന്നും വിദഗ്ധര്‍ പറയുന്നു. തന്റെ പേരില്‍ ഡ്യൂപ്ലിക്കേറ്റ് സിം ആരും എടുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.