സ്വർണ്ണ കള്ളക്കടത്തു കേസ് :ഫൈസൽ ഫരീദ് നൽകിയ കത്ത് വ്യാജം.

തനിക്ക് പകരം ബാഗേജ് അയക്കാന്‍ അറ്റാഷെ തന്നെ ചുമതലപ്പെടുത്തിയെന്ന് കാണിച്ച്‌ ഫൈസല്‍ ഫരീദ് ഹാജരാക്കിയ കത്ത് വ്യാജമാണെന്ന് കസ്റ്റംസ് കണ്ടെത്തി. ഈ കത്തില്‍ കോണ്‍സുലേറ്റിന്‍റെ മുദ്രയോ അറ്റാഷെയുടെ ഒപ്പോ ഉണ്ടായിരുന്നില്ല. പിന്നെ, എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ബാഗ് കോണ്‍സുലേറ്റ് വിലാസത്തില്‍ അയക്കാന്‍ ഫൈസല്‍ ഫരീദിന് അനുമതി നല്‍കിയതെന്ന് കണ്ടെത്താനാണ് എമിറേറ്റ്സ് ജീവനക്കാരുടെ മൊഴിയെടുക്കുന്നതെന്നാണ് കൊച്ചി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ 30-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കോണ്‍സുലേറ്റിലേക്കുള്ള വിലാസത്തില്‍ വന്ന ബാഗേജ് അയക്കാനായി ഫൈസല്‍ ഫരീദ് ഹാജരാക്കിയ അറ്റാഷെയുടെ കത്തില്‍ യുഎഇ കോണ്‍സുലേറ്റിന്‍റെ മുദ്രയോ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍റെ ഒപ്പോ ഇല്ല. അറ്റാഷെ ഇല്ലാത്തപ്പോള്‍ തന്നെ ബാഗേജ് അയക്കാന്‍ അദ്ദേഹം ചുമതലപ്പെടുത്തിയെന്ന് കാണിച്ചുകൊണ്ടുള്ള കത്താണ് ഫൈസല്‍ ഫരീദ് ഹാജരാക്കിയത്. ഇത് യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ളതാണെന്നതിന് കൃത്യമായ യാതൊരു മുദ്രയും കത്തില്‍ ഇല്ലെന്നിരിക്കേ, എന്ത് അടിസ്ഥാനത്തിലാണ് ഈ ബാഗേജ് അയക്കാന്‍ ഫൈസല്‍ ഫരീദിന് അനുമതി നല്‍കിയത് എന്നാണ് അറിയേണ്ടത്.

ഫൈസൽ ഫരീദിന് സിനിമാ ബന്ധങ്ങളും.

ഫൈസൽ ഫരീദ് പണം ചെലവഴിച്ച മലയാള സിനിമകളെ കുറിച്ച് എൻഐഎയ്ക്കും കസ്റ്റംസിനും തെളിവ് ലഭിച്ചു. മലയാളത്തിലെ ന്യൂജനറേഷൻ സംവിധായകന്റേയും, മുതിർന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിർമ്മാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചുവെന്നാണ് കണ്ടെത്തൽ.

നാല് ചിത്രങ്ങൾക്കാണ് ഫൈസൽ ഫരീദ് കള്ളകടത്ത് പണം ഉപയോഗിച്ചത്. അരുൺ ബാലചന്ദ്രൻ വഴിയായിരുന്നു പണം സിനിമ മേഖലയിൽ എത്തിച്ചത്.കസ്റ്റംസും, എൻഐഎയും ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ്. ഫൈസൽ ഫരീദിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ. കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വർണ കള്ളക്കടത്തിന്റെ വിവരങ്ങൾ ഫൈസൽ ഫരീദിന് അറിവുണ്ടെന്നാണ് എൻഐഎയുടേയും കസ്റ്റംസിന്റേയും വിലയിരുത്തൽ. അതേസമയം, ഫൈസൽ ഫരീദിനെ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസൽ ഫരീദെന്നാണ് വിവരം. ഇന്ത്യ കഴിഞ്ഞ ദിവസം ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക