ഒന്‍പതാം ക്ലാസുകാരനായ മകന്റെ പേരിൽ പാഴ്സൽ ,തുറന്നു നോക്കിയപ്പോൾ കഞ്ചാവ്. പിടിയിലായത് വൻ മയക്കുമരുന്ന് റാക്കറ്റ്
ബംഗളൂരു: ഒന്‍പതാം ക്ലാസുകാരനായ മകന്റെ പേരിലെത്തിയ പാഴ്സല്‍ അബദ്ധത്തില്‍ തുറന്ന പിതാവിന് ലഭിച്ചത് കഞ്ചാവ്. പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് പിടിച്ചത് വൻ മയക്കുമരുന്ന് റാക്കറ്റിനെ. ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് ബംഗളൂരു സദാശിവ നഗര്‍ സ്വദേശിയായ വ്യവസായിയുടെ മകന്റെ പേരിലെത്തിയ പാഴ്സല്‍ അറിയാതെ പിതാവ് തുറന്നു നോക്കിയത്. ഇദ്ദേഹത്തിന്റെ പതിനാലുകാരനായ മകന്റെ പേരില്‍ ഒരു കൊറിയര്‍ എത്തിയത്.
നഗരത്തിലെ ഒരു ഉന്നത സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി ഈ സമയം സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പിതാവ് തന്നെ പാഴ്സല്‍ തുറന്നത്. കടുത്ത തവിട്ട് നിറത്തിലുള്ള ഒരു തരം പൗഡര്‍ ആയിരുന്നു അതിലുണ്ടായിരുന്നത്. ഇത് എന്താണെന്ന് വ്യക്തമാകാത്തതിനെ തുടര്‍ന്ന് അദ്ദേഹം ഒരു സുഹൃത്തിന്റെ സഹായം തേടുകയായിരുന്നു.
ഇയാള്‍ പാഴ്സലിലെത്തിയ വസ്തുവിന്റെ ചിത്രം അയക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വാട്സ്ആപ്പിലൂടെ ചിത്രം അയച്ച് നല്‍കിയപ്പോഴാണ് അത് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനെ തുടര്‍ന്ന് പാഴ്സല്‍ എവിടെ നിന്നാണ് വന്നതെന്ന് അറിയാന്‍ വ്യവസായി കൊറിയര്‍ സ്ഥാപനത്തെ സമീപിച്ചു. എന്നാല്‍ അയക്കുന്ന ആളുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ല എന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. അവരുടെ കമ്പനി പോളിസിക്ക് എതിരാണെന്നായിരുന്നു വാദം. പിന്നാലെയാണ് അദ്ദേഹം പരാതിയുമായി പൊലീസിനെ സമീപിച്ചത്. വ്യവസായിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു.
അന്വേഷണസംഘം കൊറിയര്‍ ഓഫീസുമായി ബന്ധപ്പെട്ടതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശിവാജി നഗര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു അപ്പാര്‍ട്മെന്റ് നിവാസി ആയ ധീരജ് കുമാര്‍ എന്നയാളാണ് ഈ പാഴ്സല്‍ അയച്ചതെന്ന് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അടക്കം വീട്ടില്‍ മയക്കുമരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നാണ് സംശയിക്കുന്നത്. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.