തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജോലിക്കായി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിനും നോര്‍ക്കയുടെ കീഴിലെ കമ്ബനിയില്‍ നിയമിക്കാന്‍ മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നീക്കം നടത്തിയതിനും തെളിവായി വാട്‌സ്‌ആപ്പ്‌ചാറ്റുകള്‍.
സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള ചാറ്റിന്റെ ആധികാരികത സംബന്ധിച്ച് പ്രതികരിക്കാന്‍ ഇഡി തയ്യാറായിട്ടില്ല
സ്വപ്‌ന- ശിവശങ്കര്‍ വാട്‌സ്‌ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇഡി ശിവശങ്കറിനെ അറസ്റ്റു ചെയ്തത്. മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് ഏഴാം തീയതി കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ സ്വപ്ന കണ്ടത് സിഎംരവീന്ദ്രനെ അറിയിച്ചതായി ചാറ്റില്‍ ശിവശങ്കര്‍ പറയുന്നു. നിക്ഷേപ കമ്ബനിയിലെ നിയമനത്തിനു നോര്‍ക്ക സിഇഒ അടക്കമുള്ളവര്‍ സമ്മതിച്ചതായി സ്വപ്നയോട് ശിവശങ്കര്‍ പറയുന്നുണ്ട്. പിന്നീടാണ് സ്വപ്നയെ ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചത്.
നോര്‍ക്കയുടെ നിക്ഷേപ കമ്ബനിയില്‍ എംബിഎ ബിരുദമുള്ള ആളിനെ ആവശ്യമുണ്ടെന്നും താന്‍ സ്വപ്നയുടെ പേര് പറയുകയും ചെയ്തപ്പോള്‍ യോഗത്തിലുണ്ടായിരുന്നവരെല്ലാം അംഗീകരിച്ചതായും ശിവശങ്കര്‍ പറയുന്നു. മുഖ്യമന്ത്രിയോട് ഇക്കാര്യം പറയാമെന്ന് ശിവശങ്കര്‍ പറയുമ്ബോള്‍ അദ്ദേഹം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വപ്ന പറയുന്നു. യുഎഇ കോണ്‍സുലേറ്റില്‍നിന്ന് രാജിവയ്ക്കുകയാണെന്ന് സ്വപ്ന പറഞ്ഞപ്പോള്‍ സിഎം രവീന്ദ്രന്‍ ഞെട്ടിയതായി ശിവശങ്കര്‍ പറയുന്നു.നോര്‍ക്കയില്‍ ജോലി തന്നാല്‍ എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുള്ള കാര്യം സ്വപ്ന ചാറ്റില്‍ സൂചിപ്പിക്കുന്നുണ്ട്.