Wednesday, March 22, 2023

’30 കോടി വാഗ്ദാനം ചെയ്തു, ഹരിയാനയിലോ ജയ്പൂരിലോ ഫ്ലാറ്റെടുത്ത് തരാം, ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി’: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ഒത്തുതീര്‍പ്പിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.

മൂന്നു ദിവസം മുന്‍പുണ്ടായ അനുഭവമാണ് വെളിപ്പെടുത്തുന്നതെന്ന് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കണ്ണൂര്‍ സ്വദേശിയായ വിജയ് പിള്ളയാണ് സംസാരിച്ചതെന്നും ഒരാഴ്ചത്തെ സമയം തരാമെന്നും മക്കളെയും കൊണ്ട് സ്ഥലം വിടണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്നും വാഗ്ദാനം ചെയ്‌തു.വിജയ് പിള്ള കണ്ണൂരില്‍ നിന്നും നിരന്തരം വിളിച്ചു ഇന്റര്‍വ്യൂ എടുക്കാനെന്ന് പറഞ്ഞു. അതനുസരിച്ച്‌ ബെംഗളൂരുവിലെ ഹോട്ടലിലെത്തി. എന്നാല്‍ അവിടെ എത്തിയപ്പോള്‍ അത് സെറ്റില്‍മെന്റ് സംസാരമായിരുന്നു. ഹരിയാനയിലോ ജയ്പൂരിലോ ഫ്ലാറ്റെടുത്ത് തരാമെന്നും പറഞ്ഞു. അവിടെ എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്നും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറാനും ആവശ്യപ്പെട്ടു. 30 കോടി രൂപ തരാമെന്നും വാഗ്ദാനമുണ്ടായി- സ്വപ്ന പറഞ്ഞു. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും സത്യം പുറത്തുവരുന്നതുവരെ പോരാടുമെന്നും സ്വപ്ന പറഞ്ഞു.ഈ ആവശ്യങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ തന്നെ കൊന്നുകളയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞതായി വിജയ് പിള്ള തന്നോട് പറഞ്ഞതായും സ്വപ്ന പറയുന്നു. ഒരു മാസത്തിനകം രാജ്യം വിട്ടുപോകാനുള്ള സൗകര്യങ്ങളൊരുക്കിത്തരാമെന്ന് ഇയാള്‍ വ്യക്തമാക്കിയതായും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. വിജയ് പിള്ളയുടെ ചിത്രം അടക്കമുള്ള തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉടനെ കൈമാറും. ഇ ഡിയുടെ അന്വേഷണത്തില്‍ സത്യം പുറത്ത് വരുമെന്ന് താന്‍ വിശ്വസിക്കുന്നതായും സ്വപ്‌ന പറഞ്ഞു.സ്വര്‍ണക്കള്ളക്കടത്തുകാരി എന്നാണ് താന്‍ അറിയപ്പെടുന്നതെന്നും ഇതിലൊന്നും പങ്കാളിയല്ലാതിരുന്നിട്ടും അതില്‍ പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും പല കാര്യങ്ങള്‍ക്കും വേണ്ടി എന്നെ ഉപയോഗിക്കുകയായിരുന്നു. തുടര്‍ന്ന് എന്നെ ജയിലില്‍ അടച്ചു. ജയിലില്‍ വച്ചുതന്നെ തുറന്നു പറയാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ കള്ളത്തരം ഉള്‍പ്പെടെ തിരിച്ചറിഞ്ഞതോടെയാണ് പ്രതികരിക്കാന്‍ തുടങ്ങിയതെന്നും സ്വപ്ന പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img