സംസ്ഥാന സര്‍ക്കാരിനു പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനൊരുങ്ങി കേരളം.

സംസ്ഥാന സര്‍ക്കാരിനു പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനൊരുങ്ങി കേരളം. ‘സവാരി’ എന്നാണ് പേരിട്ടിരിക്കുന്നത്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും പാലക്കാട് കഞ്ചിക്കോടുള്ള കേന്ദ്ര പൊതു മേഖലാസ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസും (ഐ.ടി.ഐ.) ചേര്‍ന്നുള്ള സംരംഭത്തിന്റെ അന്തിമരൂപരേഖതയ്യാറായതായി റിപ്പോർട്ട്. രാജ്യത്ത് ആദ്യമായിട്ടാണ് സര്‍ക്കാരിനുകൂടി പങ്കാളിത്തമുള്ള ഒരു ഓണ്‍ലൈന്‍ ടാക്‌സി സേവനം വരുന്നത് .

 

കളമശ്ശേരിയിലെ വി.എസ്.ടി. എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് സോഫ്റ്റ്വേര്‍ തയ്യാറാക്കി നൽകുന്നത്. പ്രാഥമികഘട്ട ചെലവായ 10 കോടി രൂപ ഐ.ടി.ഐ. ആണ് വഹിക്കുക. ധനകാര്യം, ഐ.ടി., പൊലീസ് എന്നീ വകുപ്പുകളുടെ അംഗീകാരം കിട്ടിയ പദ്ധതി തൊഴില്‍ വകുപ്പുമായുള്ള കരാറിനുശേഷമാണ് നിലവില്‍ വരുക.

 

 

മാര്‍ച്ചില്‍ കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കാരണം സാധിച്ചിരുന്നില്ല . ഓണത്തിനുശേഷം നടപ്പാക്കാനുള്ള തീരുമാനത്തിലാണ് ക്ഷേമനിധി ബോര്‍ഡ്. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ 10 ലക്ഷത്തോളം ടാക്‌സി കാര്‍, ഓട്ടോ ഉടമകളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി വന്നതിനെത്തുടര്‍ന്നുള്ള തൊഴില്‍നഷ്ടം നികത്താനാകുമെന്നാണ് പ്രതീക്ഷ.

 

 

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് . പിന്നീട് വലുതും ചെറുതുമായ പട്ടണങ്ങളിലും കൂടാതെ എല്ലാ ജില്ലകളിലും ‘സവാരി’കൊണ്ട് വരുമെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്. സ്‌കറിയ പറഞ്ഞു.

 

 

ട്രാക്കിങ് ഉപകരണം ഐ.ടി.ഐ. വക

ഓണ്‍ലൈന്‍ സേവനത്തിന് ട്രാക്കിങ് ഉപകരണം ഐ.ടി.ഐ. നിര്‍മിച്ചുനല്‍കും. വിപണിയില്‍ 11,000 രൂപ വില വരുന്ന ഉപകരണം 5500 രൂപയ്ക്കാണ് നല്‍കുക. കേന്ദ്ര മോട്ടോര്‍ വാഹനനിയമഭേദഗതിപ്രകാരം ട്രാക്കിങ് ഉപകരണം നിര്‍ബന്ധമായതിനാല്‍ ഉടമകള്‍ക്ക് പദ്ധതി ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. പദ്ധതിയില്‍ ചേരാന്‍ 200 രൂപയുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ ഉണ്ടാവും. കോള്‍ സെന്റര്‍ സജ്ജീകരിക്കുന്നതും ഉപകരണത്തിന്റെ ഇന്‍സ്റ്റലേഷന്‍ അടക്കമുള്ള ജോലികളും ഐ.ടി.ഐ. നിര്‍വഹിക്കും.

 

 

        ‘സവാരി’യുടെ മെച്ചങ്ങള്‍

 

  • 24 മണിക്കൂര്‍ സേവനം സംസ്ഥാനത്തിന്റെ ഏതുകോണിലും

 

  • പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ഇന്ധന സബ്സിഡി പരിഗണനയില്‍

 

  • വര്‍ക്ക് ഷോപ്പുകള്‍, സ്‌പെയര്‍പാര്‍ട്സ് കടകള്‍ എന്നിവയില്‍ ആനുകൂല്യങ്ങള്‍

 

  • ട്രാക്കിങ് ഉപകരണത്തില്‍ വരുന്ന പരസ്യങ്ങളില്‍നിന്നുള്ള വരുമാനത്തിന്റെ 60 ശതമാനം തൊഴിലാളികള്‍ക്ക്.

 

  • യാത്രക്കാരനും ഡ്രൈവര്‍ക്കും പരാതിപ്പെടാനുള്ള സംവിധാനം.

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക