കോവിഡ് രോഗ വ്യാപനം ഉയര്‍ന്നേക്കാം; സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കാന്‍ ഇനിയും വൈകും

സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തീയറ്റര്‍ ഉടന്‍ തുറക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച്‌ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച്‌ ധാരണയായത്.

നിലവിലെ സാഹചര്യം പരിഗണിച്ച്‌ തീയേറ്ററുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കുന്നതാവും ഉചിതമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഈ നിര്‍ദേശത്തോട് ചലച്ചിത്ര സംഘടനകളും യോജിക്കുകയായിരുന്നു. ഫിലിം ചേംബര്‍, ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും മന്ത്രി എകെ ബാലനും യോഗത്തില്‍ പങ്കെടുത്തു. തീയേറ്ററുകള്‍ തുറക്കുന്ന ഘട്ടം വരുമ്ബോള്‍ വിനോദ നികുതിയില്‍ ഇളവ് അനുവദിക്കണമെന്ന് സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ രാജ്യത്ത് തീയറ്റര്‍ തുറക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇത് പ്രകാരം സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലും മറ്റും തീയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക