കൊച്ചിയിൽ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് വൻകവർച്ച , 362 പവന് സ്വര്‍ണത്തിന് പുറമേ 25 കിലോ വെള്ളിയും ഡയമണ്ട് മൂക്കുത്തികളും നഷ്ടമായി.
ഏലൂര്‍ എഫ് എ സി റ്റി ജംഗ്ഷനിലുള്ള ഐശ്വര്യ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ശനിയാഴ്ച രാത്രി അടച്ച ജ്വല്ലറി ഇന്ന് രാവിലെ തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.സമീപമുള്ള സലൂണിന്റെ പുറകിലെ ഭിത്തി തുരന്നാണ് മോഷണ സംഘം ജ്വല്ലറിയില്‍ കയറിയത്. ഗ്ലാസ് കട്ടര്‍ ഉപയോഗിച്ച് ജ്വല്ലറിയുടെ ലോക്കര്‍ പൊളിച്ചു മാറ്റി. ജ്വല്ലറിയിലെ വൈദ്യുതി കണക്ഷനും കവര്‍ച്ച സംഘം വിച്ഛേദിച്ചു. 362 പവന് സ്വര്‍ണത്തിന് പുറമേ 25 കിലോ വെള്ളിയും ഡയമണ്ട് മൂക്കുത്തികളും നഷ്ടമായി.
ഒന്നര കോടി രൂപയിലധികം വില വരുന്ന സ്വര്‍ണം നഷ്ടമായെന്നാണ് പ്രാഥമിക വിവരം. ജ്വല്ലറി ഉടമയായ വിജയകുമാറിന്റേത് തന്നെ ആണ് സമീപമുള്ള സലൂണും. ഇന്നലെ രാത്രി ഏഴു മണി വരെ സലൂണ്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനു ശേഷം രാത്രിയിലോ പുലര്‍ച്ചയോ ആകും കവര്‍ച്ച നടന്നിട്ട് ഉണ്ടാവുക എന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള പ്രദേശമായതിനാല്‍ ഇവരെ കേന്ദ്രീകരിചും അന്വേഷണം നടത്തും.