സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തൊടെ ആവിഷ്കരിച്ച ‘തൊഴിലരങ്ങത്തേക്ക്’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈകീട്ട് 4.30ന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. എംപ്ലോയ്മെന്റ് ഡയറക്ടർ വീണ മാധവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. മിനി സുകുമാർ മുഖ്യപ്രഭാഷണം നിർവഹിക്കും.
കേരള ഡെവലപ്‌മെന്റ് & ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലി (K-DISC) ന്റെ കീഴിൽ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള നോളേജ് ഇക്കോണമി മിഷൻ (KKEM). 2026നുള്ളിൽ കേരളത്തിലെ അഭ്യസ്തവിദ്യരായ 20 ലക്ഷം തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി സ്വകാര്യ മേഖലയിൽ വിജ്ഞാന തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ദൗത്യമാണ് ഇപ്പോൾ മിഷനിൽ നിക്ഷിപ്തമായിരിക്കുന്നത്.
നോളേജ് ഇക്കോണമി മിഷൻ കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തിയ സർവേയിൽ 53 ലക്ഷം തൊഴിലന്വേഷകരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ 58 ശതമാനം സ്ത്രീകളാണ്. തൊഴിൽ അന്വേഷകരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന സാഹചര്യത്തിൽ, അഭ്യസ്തവിദ്യരും തൊഴിൽ അന്വേഷകരുമായ സ്ത്രീകളെ തൊഴിൽസജ്ജരാക്കാനാണ് ‘തൊഴിലരങ്ങത്തേക്ക്’ എന്ന പദ്ധതി വിഭാവനം ചെയ്തത്.
ഈ പദ്ധതിയുടെ ഭാഗമായി വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കലാലയങ്ങളിലെയും സർവകലാശാലകളിലേയും അവസാന വർഷ വിദ്യാർത്ഥിനികൾ, പഠനം പൂർത്തിയാക്കിയ സ്ത്രീകൾ, കരിയർ ബ്രേക്ക് സംഭവിച്ച സ്ത്രീകൾ എന്നിവരെയെല്ലാം തൊഴിൽ മേഖലകളിലേക്ക് എത്തിക്കാനുള്ള സമഗ്രമായ പദ്ധതിയാണ് ‘തൊഴിലരങ്ങത്തേക്ക്’ വഴി വിഭാവനം ചെയ്തിട്ടുള്ളത്.