ന്യൂഡല്‍ഹി: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂര്‍ പിന്നീടുമ്ബോള്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ.
നാഗാലാന്‍ഡില്‍ ഭരണം നിലനിര്‍ത്തുമെന്ന വ്യക്തമായ സൂചന നല്‍കി ബിജെപി 49 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. 60 അംഗ നിയമസഭയില്‍ ഒരു സീറ്റില്‍ നേരത്തെ തന്നെ ബിജെപി വിജയിച്ചിരുന്നു. പ്രതിപക്ഷമായ എന്‍പിഎഫ് എട്ടിടത്ത് മാത്രം മുന്നിട്ടുനില്‍ക്കുന്നത്.
ത്രിപുരയില്‍ താമര തന്നെ വിരിയുമെന്നാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്ന സന്ദേശം. ബിജെപി സഖ്യം 40 ഇടത്താണ് മുന്നിട്ടുനില്‍ക്കുന്നത്. ഇടത്- കോണ്‍ഗ്രസ് സഖ്യത്തെ ഞെട്ടിച്ച് തിപ്രമോത്ത തെരഞ്ഞെടുപ്പില്‍ സാന്നിധ്യം അറിയിച്ചു. ഗോത്ര പാര്‍ട്ടിയായ ത്രിപ്ര മോത്ത 11 ഇടത്താണ് ലീഡ് ചെയ്യുന്നത്. തിപ്ര മോത്തയുടെ പ്രഭാവത്തില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യം മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഒന്‍പതിടത്താണ് സിപിഎം- കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്യുന്നത്.
മേഘാലയയിലും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ് ആദ്യ ഫല സൂചനകള്‍. എന്‍പിപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്കാണ് ബിജെപി മത്സരിച്ചത്. നിലവില്‍ ബിജെപി 12 ഇടത്താണ് മുന്നിട്ടുനില്‍ക്കുന്നത്. 59 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 25 സീറ്റ് വേണം. എന്നാല്‍ ബിജെപിയുമായുള്ള സഖ്യം വേണ്ടെന്ന് വെച്ച് ഒറ്റയ്ക്ക് മത്സരിച്ച എന്‍പിപി 17 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുടെ സഹായം വേണ്ടി വരുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മറ്റു പാര്‍ട്ടികളാണ് മേഘാലയയില്‍ മുന്നിട്ടുനില്‍ക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യം അറിയിക്കാന്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ച ത്രിണമൂല്‍ പാര്‍ട്ടിയാണ് ഇതില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ മേഘാലയയിലെ ജനങ്ങള്‍ക്ക് ബംഗാള്‍ പാര്‍ട്ടിയോട് വലിയ താത്പര്യം കാണിക്കാത്തത് കൊണ്ട്, എന്‍പിപി ത്രിണമൂലുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ബിജെപിയുമായി സഖ്യം ഉണ്ടാക്കി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍പിപി തയ്യാറായേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.