തിരുവനന്തപുരം: കിളിമാനൂരില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂര്‍ കോളനിയില്‍ രാജന്‍ (60) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കൊല നടത്തിയ ശേഷം മകന്‍ സുരാജ് എന്ന് വിളിക്കുന്ന രാജേഷ് (28) ഒളിവില്‍ പോയി. കഴുത്തില്‍ തോര്‍ത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്.
സംഭവം നടക്കുമ്ബോള്‍ അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊല്ലപ്പെട്ട രാജന്റെ ഭാര്യ ചിറയിന്‍കീഴിലുള്ള ഒരു ബന്ധുവീട്ടില്‍ പോയിരുന്നു. മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ് അച്ഛനെ കൊലപ്പെടുത്തിയ വിവരം അയല്‍വാസികളോട് വിളിച്ചറിയിച്ച ശേഷം കടന്നു കളയുകയായിരുന്നു. രാജേഷ് മദ്യലഹരിയിലായതിനാല്‍ അയല്‍വാസികള്‍ ഇത് കാര്യമായി എടുത്തില്ല.
അച്ഛനും മകനും തമ്മില്‍ വഴക്കിട്ട വിവരം അയല്‍വാസികള്‍ രാജന്റെ ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് ചിറയിന്‍കീഴില്‍ നിന്നും ഇവര്‍ കിളിമാനൂരിലെ വീട്ടില്‍ എത്തിയ ശേഷമാണ് രാജന്‍ കൊല്ലപ്പെട്ടത് സ്ഥീരീകരിച്ചത്. തുടര്‍ന്ന് കിളിമാനൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് സംഭവത്തിന് ശേഷം ഒളിവില്‍ പോയ രാജേഷിനു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.