തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന പെണ്‍കുട്ടിയുടെ മുഖത്തടിച്ച ശേഷം രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമത്തിനിടെ അപകട പരമ്ബര.
നെയ്യാറ്റിന്‍കരയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ആനാവൂര്‍ സ്വദേശിയായ ഷിനോജാണ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്.
പെണ്‍കുട്ടിയെ അടിക്കുന്നത് കണ്ടുനിന്ന നാട്ടുകാര്‍ ഷിനോജിനെ പിടികൂടാന്‍ ശ്രമിച്ചു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഇയാളും സുഹൃത്തും സഞ്ചരിച്ച കാര്‍ വിവിധ വാഹനങ്ങളില്‍ ഇടിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ രണ്ട് ഓട്ടോറിക്ഷകളിലും നാല് ബൈക്കുകളിലും ഇടിച്ചു. അപകടത്തില്‍ ഒരു ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. അപകട പരമ്ബരയ്ക്കൊടുവില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുനിന്നത് പൊലീസ് ജീപ്പിലായിരുന്നു.
പെണ്‍കുട്ടിയുടെ സുഹൃത്താണ് ഷിനോജ് എന്നാണ് വിവരം. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ഷിനോജ് പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും മുഖത്തടിക്കുകയും ചെയ്തതായാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്.
മര്‍ദനമേറ്റ പെണ്‍കുട്ടി പരാതി നല്‍കാന്‍ വിസമ്മതിച്ചതിനാല്‍, അലക്ഷ്യമായി വാഹനമോടിച്ചതിനാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.