കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നും, മേയര്‍ ആര്യ രാജേന്ദ്രനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് എം.പി കെ മുരളീധരന്‍.

തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് എം.പി കെ മുരളീധരന്‍. മേയറെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.

കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോണ്‍ഗ്രസിന്‍റെ സമരത്തിലായിരുന്നു മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.

‘മേയര്‍ ആര്യ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്, പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ സമയം കഴിയുമ്ബോഴേക്കും സംഭവം തീരും. ഇങ്ങനെ ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിത്. ഒരുപാട് മഹത് വ്യക്തികള്‍ ഇരുന്ന കസേരയിലാണ് അവരിപ്പോള്‍ ഇരിക്കുന്നതെന്ന് ഓര്‍ക്കണം. അതുകൊണ്ട് തന്നെ അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് ‘- മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മുരളീധരന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കൗണ്‍സിലര്‍മാര്‍ നടത്തുന്ന സമരം മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്ക് പോലും പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്‍റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ട് തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോള്‍ സില്‍വര്‍ ലൈനില്‍ നിന്നും എത്രകോടി അടിച്ചുമാറ്റാം എന്നാണ് നോക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക