തലസ്ഥാനത്ത് വൻ പെൺവാണിഭ സംഘം പിടിയിൽ.9 വീതം സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണു കസ്റ്റഡിയിലായത്.

 

തിരുവനന്തപുരം : നഗരത്തില്‍ സജീവമായിരുന്ന ഉത്തരേന്ത്യന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. 9 വീതം സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണു കസ്റ്റഡിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഇവരുടെ കൂട്ടത്തിലുണ്ടെന്നു പൊലീസ് പറഞ്ഞു. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരും അസം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരും പിടിയിലായി.

 

ഉത്തരേന്ത്യയില്‍നിന്നും സ്ത്രീകളെ കേരളത്തിലെത്തിച്ചു പെണ്‍വാണിഭം നടത്തുന്നതായി അസം പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം 11ന് മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരെ പ്രതികളാക്കി അസം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഇരുവരുടെയും ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലായത്.

 

തുടര്‍ന്ന് അസം പൊലീസ് വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തി. സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയെ കണ്ട സംഘം കാര്യങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഷാഡോ പൊലീസുമായി ചേര്‍ന്നു സംഘം റെയ്ഡ് നടത്തുകയായിരുന്നു. മെഡിക്കല്‍ കോളജ്, തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ഹോട്ടലുകളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേരും പിടിയിലായി. പ്രതികളെ ഉടന്‍ അസമിലേക്കു കൊണ്ടുപോകുമെന്നു പൊലീസ് അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക