കോവിഡ് രോഗിയെ പുഴുവരിച്ച നിലയിൽ ഡിസ്ചാർജ് ചെയ്ത സംഭവം: ഡോക്ടർ അടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ

കോവിഡ് രോഗിയെ പുഴുവരിച്ചനിലയിൽ ഡിസ്ചാർജ് ചെയ്ത സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കൊളജിലെ ജീവനക്കാർക്ക് വീഴ്ചപറ്റിയെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യ സെക്രട്ടറിക്ക്  കൈമാറിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ഒരു ഡോക്ടർ അടക്കം മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ അരുണ,  ഹെഡ് നഴ്സുമാരായ രജനി, ബീന എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്ക് വീഴ്ചപറ്റിയെന്ന് നേരത്തെറി പ്പോർട്ട് നൽകിയിരുന്നു.  ആരോഗ്യ അവസ്ഥ പരിശോധിക്കാതെ ഡിസ്ചാർജ് ചെയ്തതിലും, ശരീരിത്തിലെ മുറിവുകൾ വൃത്തിയാക്കാത്തതിലും വീഴ്ചപറ്റിയെന്നാണ് കണ്ടെത്തൽ. അപകടത്തിൽ പരുക്കേറ്റ് ചികിത്സ തേടിയ വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്. ആംബുലൻസ് കാത്ത് നിൽക്കുന്നു എന്ന് പറഞ്ഞ് ബന്ധുക്കൾ ധൃതിപിടിച്ചതിനാലാണ് രോഗിയായ അനിൽകുമാറിനെ വൃത്തിയാക്കാതെ ഡിസ്ചാർജ് ചെയ്യേണ്ടി വന്നതെന്നാണ് ജീവനക്കാരുടെ വിശദീകരണം. എന്നാൽ വിശദീകരണം തൃപ്തിരമായിരുന്നില്ല.

കഴിഞ്ഞ മാസം 21 നാണ് അനിൽകുമാറിനെ അപകടം പറ്റി തിരുവനന്തപുരം മെഡിക്കൽ കൊളജിൽ എത്തിക്കുന്നത്. ചികിത്സയിലിരിക്കെ ഈ മാസം 6 ന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് ഭേദമായി വീട്ടിലെത്തിച്ചപ്പോൾ അനിൽ കുമാറിന്‍റെ ശരീരം പുഴുവരിച്ച നിലയിലായിരുന്നു.
മെഡിക്കൽ കൊളജ് ആശുപത്രിയിൽ വെച്ചാണ് കോവിഡ് ബാധിച്ചത്. അതിന് ശേഷം അനിൽ കുമാറിന് ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇയാളുടെ ശരീരം തളർന്ന നിലയിലാണ്. സംസാരിക്കാനും കഴിയില്ല. കഴുത്തിൽ പ്ലാസ്റ്റർ മാറ്റിയപ്പോൾ പുഴുവരിച്ച നിലയിലായിരുന്നു.കോവിഡ് ബാധിച്ച ശേഷം ജീവനക്കാർ അനിൽകുമാറിനെ തിരിഞ്ഞ് നോക്കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർ ചികിത്സയ്ക്ക് പേരൂർക്കട ജില്ല ആശുപത്രിയിലേയ്ക്ക് അനിൽകുമാറിനെ മാറ്റിയിട്ടുണ്ട്.

അതേസമയം ഡോക്ടറെ സസ്പെന്റ് ചെയ്ത നടപടി പിൻവലിച്ചില്ലെങ്കിൽ സമരത്തിലേയ്ക്ക് പോകുമെന്ന് മെഡിക്കൽ കൊളജ് ഡോക്ടർമാരുടെ സംഘടനയായി കെജിഎംസിറ്റിഎ അറിയിച്ചു. കൂടാതെ നഴ്സുമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ നാളെ കരിദിനം ആചരിക്കുമെന്ന് നഴ്സുമാരുടെ സംഘടന കേരള ഗവൺമെന്റ് നെഴ്സസ് യൂണിയൻ ഭാരവാഹികളും അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക