എല്ലാ വാർത്തകളും ചുരുക്കത്തിൽ വളരെ വേഗത്തിൽ :ഒറ്റ ക്ലിക്കിൽ .

🔳സ്വര്‍ണ്ണക്കടത്തിന്റെ പ്രധാന കണ്ണിയായ ഫൈസല്‍ ഫരീദിനേയും റബിന്‍സിനേയും ദുബായില്‍ അറസ്റ്റു ചെയ്‌തെന്ന് എന്‍ഐഎ. ഇവരെ ചോദ്യം ചെയ്‌തെന്നും ഇന്ത്യയിലേക്കു കൊണ്ടുവരുമെന്നും എന്‍.ഐ.എ കോടതിയില്‍. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് ഈ അവകാശവാദം. ഇന്റര്‍പോള്‍ വഴി ആറു പേര്‍ക്കെതിരേ ബ്ലൂകോര്‍ണര്‍ നോട്ടീസ് നല്‍കിയെന്നും അവര്‍ അറിയിച്ചു.

🔳ലൈഫ് മിഷന്‍ യുഎഇ റെഡ് ക്രസന്റ് കരാറുമായി ബന്ധപ്പെട്ട വിവാദ രേഖകള്‍ സിബിഐക്ക് കൈമാറേണ്ടെന്ന് സംസ്ഥാന വിജിലന്‍സ്. രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്. അവ കോടതി നിര്‍ദ്ദേശം ഇല്ലാതെ നല്‍കേണ്ടെന്നാണ് തീരുമാനം. ലൈഫ് മിഷന്‍ കോഴ തട്ടിപ്പു കേസില്‍  സിബിഐ അന്വേഷണത്തിനു തൊട്ടുമുമ്പ് നാടകീയമായാണ് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് രേഖകള്‍ കൈവശപ്പെടുത്തിയത്.

🔳പന്നിത്തടത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍. ചിറ്റിലങ്ങാട് സ്വദേശി തറയില്‍വീട്ടില്‍ നന്ദനെ(48)യാണ് പിടികൂടിയത്. നേരത്തെ ഇയാളുടെ പോര്‍കുളത്തെ ഭാര്യവീട്ടിലും മറ്റു കേന്ദ്രങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. നന്ദന്റെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും പിടിച്ചെടുത്തിരുന്നു.

🔳തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടര്‍ അടക്കം മൂന്നു ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റംലാബീവി, ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. സസ്പെന്‍ഷനെതിരേ ഡോക്ടര്‍മാരും നഴ്സുമാരും പ്രതിഷേധസമരം നടത്തിയിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉറപ്പുനല്‍കിയിരുന്നു.

🔳പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. അനുമതി ലഭിക്കുന്നതുവരെ അവിടെ തുടരുമെന്ന് രാഹുല്‍ഗാന്ധിയും പ്രവര്‍ത്തകരും. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍നിന്ന് ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് ട്രാക്ടര്‍ റാലിക്കു പ്രവേശനം അനുവദിച്ചില്ല. നൂറുകണക്കിന് പോലീസുകാരെയാണ് വിന്യസിച്ചത്.

🔳കേരളത്തില്‍ ഇന്നലെ 7,871  പേര്‍ക്ക് കോവിഡ്. 25 മരണം. ആകെ മരണം 884 ആയി.  87,738 പേര്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറില്‍ 60,494 സാമ്പിളുകളാണ് പരിശോധിച്ചത്. 2,63,094 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ രോഗമുക്തരായ 4,981 പേരടക്കം 1,54,092 പേര്‍ ഇതുവരെ കോവിഡ്മുക്തരായി.

🔳സമ്പര്‍ക്കം മൂലം 6,910 പേര്‍ക്കു രോഗം ബാധിച്ചു. 640 പേരുടെ ഉറവിടം വ്യക്തമല്ല. 111 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

🔳രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള വിവരം. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56.

🔳കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരം. തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ് (70), നേമം സ്വദേശി ശ്രീധരന്‍ (63), വലിയതുറ സ്വദേശി ആന്റണി മോറൈസ് (64), നെല്ലിവിള സ്വദേശിനി ഗിരിജ (59), കോവളം സ്വദേശി ഷാജി (37), അമരവിള സ്വദേശി താജുദ്ദീന്‍ (62), ചെമ്പന്തി സ്വദേശി ശ്രീനിവാസന്‍ (71), തിരുമല സ്വദേശി വിജയബാബു (61), ഫോര്‍ട്ട് സ്വദേശി ശങ്കര സുബ്രഹ്മണ്യ അയ്യര്‍ (78), കൊല്ലം കുന്നിക്കോട് സ്വദേശി കബീര്‍ (63), കടപ്പാക്കട സ്വദേശിനി സുബൈദ (52), ചവറ സ്വദേശിനി പ്രഭാവതി അമ്മ (73), മുഖത്തല സ്വദേശി ശ്രീകുമാര്‍ (52), പട്ടത്താനം സ്വദേശി ചാള്‍സ് (80), ആലപ്പുഴ തൈക്കല്‍ സ്വദേശി സത്യന്‍ (65), കോട്ടയം ചങ്ങനശേരി സ്വദേശി സാബു ജേക്കബ് (53), വടവത്തൂര്‍ സ്വദേശി രാജു കുര്യന്‍ (75), കാരപ്പുഴ സ്വദേശിനി ശ്യാമള (60), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ഈതേരി (75), ഉപ്പട സ്വദേശിനി ഫാത്തിമ (61), കുറ്റിപ്പുറം സ്വദേശി സെയ്ദലവി (60), അരീകോട് സ്വദേശി ഇബ്രാഹീം കുട്ടി (78), കണ്ണൂര്‍ കാടാച്ചിറ സ്വദേശി ബാലകൃഷ്ണന്‍ (71), പള്ളിപ്രം സ്വദേശി പി. രവീന്ദ്രന്‍ (73), കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി രവീന്ദ്രന്‍ (52).

🔳പുതിയ 13 ഹോട്ട് സ്‌പോട്ടുകള്‍. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കുറ്റൂര്‍ (4, 5, 6), ആറന്മുള (9, 10), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (7), കിടങ്ങൂര്‍ (1, 14), തൃശൂര്‍ ജില്ലയിലെ കൊടകര (19), അന്തിക്കാട് (14), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (4, 6), അഗളി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (9, 10), എളകമണ്‍ (7), മലപ്പുറം ജില്ലയിലെ വഴിക്കടവ് (19), എറണാകുളം ജില്ലയിലെ പിണ്ടിമന (6). 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കി. ആകെ 718 ഹോട്ട് സ്‌പോട്ടുകള്‍.

🔳കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം വര്‍ധിക്കുന്നതിനാല്‍ പഞ്ചായത്തുകളും നഗരസഭകളും കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

🔳സംസ്ഥാനത്തു മാസ്‌ക് ധരിക്കാത്തതിന് 7,462 പേര്‍ക്കെതിരേ നടപടിയെടുത്തെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനാജ്ഞ ലംഘിച്ചതിന് ഇന്നലെ 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 126 പേര്‍ അറസ്റ്റിലായി.

🔳സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഉടനേ തുറക്കില്ലെന്നു മുഖ്യമന്ത്രി. കേന്ദ്ര നിര്‍ദേശമനുസരിച്ച് ഈ മാസം 15 നു തുറക്കാം. അങ്ങനെ വേണമെന്നാണ് എല്ലാവര്‍ക്കും ആഗ്രഹം. എന്നാല്‍ രോഗവ്യാപനം തടയാനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

🔳മയക്കുമരുന്ന് കേസിലും പണമിടപാടിലും വിവരങ്ങള്‍ തേടി ബിനീഷ് കോടിയേരിയെ  ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍. മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങള്‍.

🔳കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ദിവസം ശബരിമല ദര്‍ശനത്തിന് ആയിരം പേരെ മാത്രമേ അനുവദിക്കാവൂവെന്ന് വിദഗ്ധ സമിതിയുടെ നിര്‍ദേശം. 10 നും 60 നും മധ്യേ പ്രായമുള്ളവര്‍ക്കു മാത്രമാണു പ്രവേശനം. കാനന പാതവഴി സഞ്ചാരം അനുവദിക്കില്ല. ശനി, ഞായര്‍ ദിനങ്ങളില്‍ രണ്ടായിരം പേരെ പ്രവശിപ്പിക്കാം. വിശേഷ ദിവസങ്ങളില്‍ അയ്യായിരം പേരേയും. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമെ ദര്‍ശനത്തിന് അനുവദിക്കു.

🔳പോലീസുദ്യോഗസ്ഥര്‍ക്കു കോവിഡ് പ്രതിരോധ ബഹുമതിക്ക് നൂറു രൂപ വില.  കോവിഡ് വാരിയര്‍ ബാഡ്ജ് പണം കൊടുത്ത് വാങ്ങാനാണ് ഡിജിപിയുടെ നിര്‍ദേശം. ഇതേക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി.

🔳സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തീപിടിത്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൂഡാലോചന കണ്ടെത്തണം. സത്യം മൂടി വയ്ക്കാനുള്ള സര്‍ക്കാരിന്റെ  മറ്റൊരു ശ്രമം കൂടി പൊളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

🔳ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളുമായി സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്താറുണ്ടെങ്കിലും അവര്‍ വിദഗ്ധ സമിതിയല്ല, ഡോക്ടര്‍മാരുടെ സംഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും മറ്റു സംസ്ഥാനങ്ങളും ഐ.എം.എയെ പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി.

🔳അടിമാലിയില്‍ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം. മൂന്നു പേര്‍ അറസ്റ്റില്‍. ഹോംസ്റ്റേ നടത്തിപ്പുകാരനും രണ്ട് ഇടപാടുകാരുമാണ് പിടിയിലായത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക