Thursday, March 30, 2023

‘നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് മന്ത്രി; മൂന്നാം ദിവസം പറഞ്ഞു ആരോഗ്യപ്രശ്നം ഇല്ലെന്ന്’; വി.ഡി. സതീശന്‍

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

‘നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് ആരോഗ്യമന്ത്രിയാണ്. എറണാകുളത്ത് വിഷപ്പുക നിറഞ്ഞ് 10ാം ദിവസം മാസ്ക് ധരിക്കണമെന്ന് ഉപദേശിച്ച മന്ത്രിയാണ്. തീപിടിച്ച്‌ മൂന്നാം ദിവസം മന്ത്രി പറഞ്ഞു ആരോഗ്യപ്രശ്നം ഇല്ലെന്ന്. എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അങ്ങനെ പറഞ്ഞത്? ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥലമായിരുന്നു. എവിടെ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ആരോഗ്യപ്രശ്നം ഇല്ലെന്നു പറഞ്ഞത്?”- സതീശന്‍ ചോദിച്ചു.

ബ്രഹ്മപുരത്ത് മാലിന്യ നീക്കത്തിന് കരാര്‍ എടുത്ത കമ്ബനി പെട്രോള്‍ ഒഴിച്ചാണ് മാലിന്യം കത്തിച്ചതെന്നും തീപിടിപ്പിച്ച കമ്ബനിയെ തദ്ദേശമന്ത്രി ന്യായീകരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞതോടെ ഭരണപക്ഷം ബഹളമുണ്ടാക്കി. അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ മൈക്ക് ഓഫ് ചെയ്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.

ബ്രഹ്മപുരത്ത് തീ ഇപ്പോഴും അണഞ്ഞിട്ടില്ലെന്നും 12 ദിവസമായി കത്തിക്കൊണ്ടിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. ലക്ഷക്കണക്കിനു ടണ്‍ പ്ലാസ്റ്റിക് കത്തുന്ന പുകയാണ് അന്തരീക്ഷത്തില്‍ നിറയുന്നത്. സാധാരണ പുകയല്ല വിഷപ്പുകയാണ് നിറയുന്നത്. പുകയിലൂടെ കാന്‍സര്‍ അടക്കമുള്ള ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടാകും. വിയറ്റ്നാമിലെ കാട്ടിലൊളിച്ച വിയറ്റ്നാം പട്ടാളക്കാരെ കണ്ടെത്താന്‍ കാട്ടിലെ ഇലകള്‍ കൊഴിക്കാന്‍ അമേരിക്ക ഏജന്റ് ഓറഞ്ച് എന്ന രാവസ്തു വിതറി. മൂന്ന് തലമുറ കഴിഞ്ഞിട്ടും വിയറ്റ്നാമിലെ ജനങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണ്. അതിലുള്ള വിഷമാണ് ബ്രഹ്മപുരത്തെ വിഷപ്പുകയിലുമുള്ളത്.

തീ കത്തിയ രണ്ടാം തീയതിയിലെ അതേ ആക്ഷന്‍ പ്ലാനാണ് സര്‍ക്കാരിന് ഇന്നുമുള്ളത്. വായുവും വെള്ളവും മുഴുവനും മലിനമായി. ബ്രഹ്മപുരത്ത് തീ അണയ്ക്കാന്‍ അടിച്ച വെള്ളം ഒഴുകിവരുന്ന കടമ്ബ്രയാറും മലിനമായി. മുഖ്യമന്ത്രിയുടെ വകുപ്പാണ് പരിസ്ഥിതി. പരിസ്ഥിതി മലിനമായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഏതെങ്കിലും വിദഗ്ധ ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിച്ചില്ല. വിഷപ്പുക എല്ലാ അവയവങ്ങളെയും ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയത്. ഗുരുതരമായ പ്രശ്നമായിട്ടും സര്‍ക്കാര്‍ ലഘുവായി കണ്ടു.

എറണാകുളത്ത് രണ്ട് ഓക്സിജന്‍ പാര്‍ലര്‍ തുടങ്ങിയാല്‍ സര്‍ക്കാരിന്റെ ജോലി തീരില്ല. മാലിന്യം കത്തിക്കോട്ടെ എന്നാണ് സര്‍ക്കാര്‍ ചിന്തിച്ചത്. മുഴുവന്‍ കത്തി തീര്‍ന്നാലേ കരാറുകാരനെ സഹായിക്കാന്‍ കഴിയൂ. എറണാകുളത്തെ ജനങ്ങള്‍ക്ക് അനാഥത്വം അനുഭവപ്പെട്ടു- വി ഡി സതീശന്‍ പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img