Thursday, March 30, 2023

“ഇപ്പോഴും മനസ്സുമുഴുവന്‍ വാരനാട്ടുകാരാണ്”; ആരും ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല, ഇനിയും വിളിച്ചാല്‍ വരുമെന്ന് വിനീത് ശ്രീനിവാസന്‍

വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള കഴിഞ്ഞ് ഓടി രക്ഷപ്പെടുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു.

പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന തന്റെ വാഹനത്തിലേക്ക് ഓടുകയായിരുന്നു താരം. ഇതുസംബന്ധിച്ച്‌ ഒരുപാടു വാര്‍ത്തകളും പ്രചരിച്ചു. പരിപാടി മോശമായതിനാല്‍ വിനീത് ഓടിരക്ഷപ്പെട്ടു എന്ന തരത്തില്‍ വിഡിയോ പ്രചരിക്കപ്പെട്ടു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി വിനീത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അടുത്ത കാലത്ത് താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അതെന്നും പരിപാടി അവസാനിക്കുന്നതുവരെ ഓരോ പാട്ടും ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവനെന്ന് വിനീത് കുറിച്ചു. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍ അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച്‌ പുറത്തു കടക്കേണ്ട സാഹചര്യത്തിലാണ് വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നതെന്നും വിനീത് പറഞ്ഞു.

വിനീതിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വാരനാട്‌ ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച്‌ ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച്‌ പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്.
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്.
രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരും!

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img