Wednesday, March 22, 2023

വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പുറത്ത്, അഞ്ചു റണ്‍സ് വിജയത്തോടെ ആസ്ട്രേലിയ ഫൈനലില്‍

കേപ്ടൗണ്‍ : ട്വന്റി-20 വനിതാ ലോകകപ്പില്‍ ഇന്ന് നടന്ന സെമിയില്‍ ഓസ്ട്രേലിയക്കെതിരെ പൊരുതിനോക്കിയെങ്കിലും ഇന്ത്യന്‍ പെണ്‍പട അഞ്ച് റണ്‍സകലെ വീണു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. കഴിഞ്ഞ ട്വന്റി-20 ലോകകപ്പ് ഫൈനലിലും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഓസീസിനോട് ഇന്ത്യന്‍ വനിതകള്‍ തോറ്റിരുന്നു, ഫീല്‍ഡിംഗിനിടെ കൈവിട്ട അഞ്ചോളം ക്യാച്ചുകള്‍ ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി. ഓസീസ് ഉയ‌ര്‍ത്തിയ മികച്ച വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഷെഫാലി വര്‍മ്മയുടേയും (9), സ്മൃതി മന്ഥാനയുടേയും (2), യസ്തിക ഭാട്ടിയയുടേയും (4) വിക്കറ്രുകള്‍ വേഗം നഷ്ടപ്പെട്ട് 28/3 എന്ന നിലയിലായെങ്കിലും, അവിടെവച്ച്‌ ഒന്നിച്ച ക്യാപ്ടന്‍ ഹര്‍മ്മന്‍ പ്രീത് കൗറും (34 പന്തില്‍ 52), ജമീമ റോഡ്രിഗസും (24 പന്തില്‍ 43) പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും 41 പന്തില്‍ 69 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നല്‍കി. ഡ്രിങ്ക്സ് ബ്രേക്കിന് ശേഷമുള്ള ആദ്യ ഓവറില്‍ ഡാര്‍സി ബ്രൗണിന്റെ ബൗണ്‍സറിന് അനാവശ്യമായി ബാറ്റ് വച്ച്‌ ഹീലിക്ക് ക്യാച്ച്‌ നല്‍കി ജമീമ മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. തുടര്‍ന്ന് റിച്ചാ ഘോഷിനൊപ്പം സ്കോര്‍ ഉയര്‍ത്തുന്നതിനിടെ ഹര്‍മ്മന്‍ അപ്രതീക്ഷിതമായി റണ്ണൗട്ടായത് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. അവസാന ഓവറുകളില്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അഞ്ച് റണ്‍സകലെ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു.

റിച്ചാ ഘോഷ് (14), സ്നേഹ റാണ (11), രാധാ യാദവ് (0) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്രര്‍മാര്‍. ദീപ്തി ശ‌ര്‍മ്മ (20), ശിഖാ പാണ്ഡെ (1) എന്നിവര്‍ പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്കായി ഗാര്‍ഡ്നറും ബ്രൗണും മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്ടന്‍ മെഗ് ലാന്നിംഗ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ അലിസ ഹീലിയും (24) ബെത്ത് മൂണിയും (37 പന്തില്‍ 54) മികച്ച തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് നല്‍കിയത്. രേണുക താക്കൂര്‍ എറിഞ്ഞ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഫോറടിച്ചുകൊണ്ടാണ് ഹീലി തുടങ്ങിയത്. പവര്‍പ്ലേയില്‍ വിക്കറ്റ് പോകാതെ കാത്ത മൂണിയും ഹീലിയും 7.3 ഓവറില്‍ 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാധാ യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. രാധയെ ക്രീസില്‍ നിന്ന് ഇറങ്ങി അടിക്കാന്‍ ശ്രമിച്ച ഹീലിയെ വിക്കറ്റ് കീപ്പര്‍ റിച്ചാഘോഷ് സ്റ്റമ്ബ് ചെയ്തു. തുടര്‍ന്നെത്തിയ മെഗ് ലാന്നിംഗിനൊപ്പം മൂണി ഓസീസ് സ്കോര്‍ മുന്നോട്ടു കൊണ്ടുപോയി. അര്‍ദ്ധ സെ‍ഞ്ച്വറി തികച്ചിന് പിന്നാലെ മൂണിയെ ഷഫാലിയുടെ കൈയില്‍ എത്തിച്ച്‌ ശിഖ കൂട്ടകെട്ട് പൊളിച്ചു. മൂണിക്ക് പകരമത്തിയ ആഷ്ലെ‌യ്ഗ് ഗാര്‍ഡ്നര്‍ (18 പന്തില്‍ 31) ഓസ്ട്രേലിയന്‍ സ്കോറിഗ് വേഗത്തിലാക്കി. മൂന്നാം വിക്കറ്റില്‍ ഇരുവരും 33 പന്തില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 18-ാം ഓവറിലെ അവസാന പന്തില്‍ ഗാര്‍ഡ്നറെ ക്ലീന്‍ബൗള്‍ഡാക്കി ദീപ്തി ശര്‍മ്മ കൂട്ടുകെട്ടുപൊളിക്കുമ്ബോള്‍ 141/3 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. ഗ്രേസ് ഹാരിസിനെ (7) ശിഖ ബൗള്‍ഡാക്കി. എല്ലിസ് പെറി (2) ലാന്നിംഗിനൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img