രാഹുല്‍ ​ഗാന്ധി എംപിയുടെ ഓഫീസിന് നേര്‍ക്കുണ്ടായ എസ്‌എഫ്‌ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ കോണ്‍​ഗ്രസ്, യൂത്ത് കോണ്‍​ഗ്രസ് പ്രതിഷേധം.

കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ​ഗാന്ധി എംപിയുടെ ഓഫീസിന് നേര്‍ക്കുണ്ടായ എസ്‌എഫ്‌ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ കോണ്‍​ഗ്രസ്, യൂത്ത് കോണ്‍​ഗ്രസ് പ്രതിഷേധം.

വയനാട്, പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ന്യൂഡല്‍ഹിയിലും പ്രതിഷേധം അരങ്ങേറി.

പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്‌ളെക്‌സുകള്‍ കീറിനശിപ്പിച്ചു. കല്‍പറ്റയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. തിരുവനന്തപുരത്ത് എകെജി സെന്‍ററിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ച്‌ പൊലീസ് ത‍ടഞ്ഞു. എകെജി സെന്‍ററിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ജലപീരങ്കിയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഡല്‍​ഹി എകെജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസാണ് മാര്‍ച്ച്‌ നടത്തുന്നത്. എറണാകുളം ഡിസിസി ഓഫീസില്‍ നിന്ന് തുടങ്ങിയ കെ എസ് യു മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്റര്‍ കത്തിച്ചു. റോഡില്‍ ടയര്‍ കത്തിച്ചും ഇവിടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പാലക്കാട്‌ നഗരത്തില്‍ വലിയ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. ദേശീയ പാതയടക്കം ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചത്. തൃശൂര്‍ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്ബില്‍ നേതൃത്തിലും കോയമ്ബത്തൂര്‍ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. പന്തം കൊളുത്തിയുള്ള പ്രകടനവുമായി പ്രവ‍ര്‍ത്തകര്‍ നഗരത്തില്‍ തുടരുന്നുണ്ട്.

വയനാട്ടില്‍ കോണ്‍ഗ്രസ് മാര്‍ച്ച്‌ അക്രമാസക്തമായി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന്റെ പക്കല്‍ നിന്ന് ലാത്തിയടക്കം പിടിച്ചു വാങ്ങി പ്രതിഷേധക്കാര്‍ വലിച്ചെറിഞ്ഞു. എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്‌ വലിയ സംഘര്‍ഷത്തിലേക്കാണ് നീങ്ങുന്നത്. ടി സിദ്ദിഖ് എംഎല്‍എ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധ നിരയിലുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക